അസ്തമിക്കാത്ത പ്രണയം

പ്രണയിച്ചിരുന്നു നിന്നെ ഞാന്‍,
അനന്തമായ്, അഗാധമായ്.
സ്നേഹിച്ചിരുന്നു നിന്നെ ഞാന്‍,
എന്നും എല്ലാത്തിനും മേലേയായ്.

എന്നും സത്യമായ്‌ ഞാന്‍ സൂക്ഷിച്ചിരുന്നു,
എനിക്ക്‌ നിന്നോടുള്ള സ്നേഹമീ ഹൃദയത്തില്‍.
എന്നും ഞാന്‍ വിശ്വസിച്ചിരുന്നു,
എനിക്ക്‌ നിന്നോടുള്ള പ്രണയത്തില്‍.

എവിടെയോ കാലിടറി വീണൊരാ പ്രണയം,
തന്നെനിക്കെന്നും മുറിവുകള്‍ മാത്രം.
പ്രണയം നിറഞ്ഞു നിന്നൊരെന്‍ ഹൃദയം,
അതിലീന്ന് നിറയുന്ന ശൂന്യത മാത്രം.

അഹങ്കാരമായിരുന്നന്നെന്‍ ഹൃദയത്തിന്‌,
ഇന്നതോ നിഴലുകള്‍ക്കുള്ളില്‍ ഒളിക്കുന്നു.
നിന്നെ സ്നേഹിക്കാന്‍ ഭയമാണെനിക്കിന്ന്,
ചിതറിത്തകര്‍ന്നൊരെന്‍ ഹൃദയത്തിലൂടെ.

ഉണ്ടായിരുന്നെന്‍ ജീവിതത്തില്‍ പ്രണയം,
ഉറപ്പാണെനിക്ക്, അതു നിന്നോട്‌ മാത്രം.
പിന്നിട്ടു നമ്മള്‍ പുലരിയും മധ്യാഹ്നവും,
വിദൂരമല്ലീ പ്രണയത്തിന്‍ അസ്തമയം.

അന്തിവെട്ടം വീണൊരീ വഴിത്താരയില്‍,
ഇനിയും വൈകാതെ ഇരുള്‍ പരക്കും.
കാറ്റിന്‍ കൈകളില്‍ ഉലയും തിരിനാളം പോല്‍,
കാലത്തിന്‍ കൈകളില്‍ ഉലയുന്നെന്‍ പ്രണയം.

ഇതെന്നും എന്റെ സ്വപ്നം മാത്രം,
ഇനിയും ഒരിക്കല്‍ സ്നേഹിയ്ക്കും നിന്നെ ഞാന്‍.
എവിടെയും പതറാതെ, ഒന്നിലും ഇടറാതെ,
അസ്തമിക്കാത്തൊരു സൂര്യനെ പോലെ.

Published in: on ജൂണ്‍ 4, 2008 at 1:29 pm  ഒരു അഭിപ്രായം ഇടൂ  
Tags: , ,
Follow

Get every new post delivered to your Inbox.